ഇനി ഒരുവര്‍ഷം കണ്ഠരര് മഹേഷ് മോഹനര് ശബരിമല തന്ത്രി; ചിങ്ങമാസ പൂജകള്‍ക്കായി ഇന്ന് നട തുറക്കും
ശബരിമല: താഴമണ്‍മഠം കണ്ഠരര് മഹേഷ് മോഹനര് ശനിയാഴ്ച മുതല്‍ ഒരുവര്‍ഷം ശബരിമല തന്ത്രി പദവി വഹിക്കും. ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ രണ്ടു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഓരോ വര്‍ഷം വീതം ഈ പദവി വഹിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചിങ്ങമാസ പൂജകള്‍ക്ക് നട തുറക്കുന്നത് കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലായിരിക്കും. ചിങ്ങമാസപ്പൂജകള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്തിന് നടയടയ്ക്കും. ചിങ്ങപ്പുലരിയില്‍ ഗണപതി ഹോമമാണ് അദ്ദേഹത്തിന്റെ ആദ്യചടങ്ങ്. പിന്നിട്ടവര്‍ഷം കണ്ഠരര് രാജീവര്‍ക്കായിരുന്നു താന്ത്രിക ചുമതല. അദ്ദേഹത്തിന്റെ മകന്‍ കണ്ണൂര്‍ ബ്രഹ്മദത്തനും സന്നിധാനത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അടുത്ത കര്‍ക്കിടകമാസ പൂജകള്‍ക്ക് നടതുറക്കുന്നതുവരെയാണ് കണ്ഠരര് മഹേഷ് മോഹനര് തന്ത്രി ചുമതലകള്‍ വഹിക്കുക. തുടര്‍ന്ന് കണ്ഠരര് രാജീവരും കണ്ഠരര് ബ്രഹ്മദത്തനും ചുമതലകളിലെത്തും.